തർജുമാനുൽ ഖുർആൻ , മുൻമൊഴി - മുബാറക് ബിൻ ഉമർ

പരിശുദ്ധ ഖുർആൻറെ സമ്പൂർണ പരിഭാഷ തയ്യാറാക്കുന്നതിനെപ്പറ്റി എൻറെ പിതാവ് കെ.ഉമർ മൗലവി തിരൂരങ്ങാടിയിൽ ഉസ്താദുൽ അസാതിദ (ഗുരുനാഥന്മാരുടെ ഗുരുനാഥൻ) കെ.എം. മൗലവിയുടെ ശിഷ്യനായി ക ഴിഞ്ഞു കൂടുന്ന കാലത്ത് ആലോചിക്കുകയുണ്ടായി . വൈകാതെ ആ യത്നം ആരംഭിക്കുകയും ചെയ്തു.

മലയാളക്കരയിൽ ഒരു സമ്പൂർണ ഖുർആൻ പരിഭാഷ അതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലായിരുന്നു. ഏതാനും സൂറത്തുകളുടെ പരിഭാഷയും വ്യാഖ്യാനവും ചിലരൊക്കെ പുറത്തിറക്കിയിരുന്നു എന്നുമാത്രം. പ്രഥമ പരിഭാഷയായി അറിയപ്പെട്ട മായിൻകുട്ടി എളയ(മുഹ് യുദ്ധീൻ ബ്നു അബ്ദുൽ ഖാദിർ)യുടെ പരിഭാഷ പുറത്തിറങ്ങിയപ്പോൾ തന്നെ കടുത്ത യാഥാസ്ഥിതികരുടെ കഠിനമായ എതിർപ്പു കാരണമായി കണ്ണൂരിൽ കടലിൽ മുക്കി നശിപ്പിക്കപ്പെട്ടു എന്നാണ് പറയപ്പെടുന്നത്.

അങ്ങനെ ഖുർആൻ വ്യാഖ്യാന സഹിതമുള്ള പരിഭാഷ ഉപ്പ എഴുതി പൂർത്തിയാക്കി. വാക്യങ്ങൾ മുറിച്ചു മുറിച്ച് പദങ്ങളുടെ അർത്ഥവും അതോടൊന്നിച്ച് തന്നെ വിശദീകരണവും അറബിമലയാളത്തിലാണ് തയ്യാറാക്കിയത്. മുസ്ലിംകളിലെ മഹാഭൂരിപക്ഷത്തിന്നും മലയാളം വായിക്കാൻ അറിയുമായിരുന്നില്ല . എന്നാൽ മിക്കവാറും എല്ലാ മുസ്ലിംകൾക്കും അറബിമലയാളം അറിയാമായിരുന്നു.  പരിഭാഷ അറബിമലയാളത്തിലെഴുതാൻ അതാണ് കാരണം.

ബഹുമാന്യ പണ്ഡിതന്മാരായ കെ.എം . മൗലവി , ഇ.കെ.മൗലവി, സി.എ.മുഹമ്മദ് മൗലവി എന്നിവർ പരിഭാഷാഗ്രന്ഥം പരിശോധിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു . അങ്ങനെ 1953 ൽ തിരൂരങ്ങാടിയിലെ സി.എച്ച്. മുഹമ്മദ് ആൻറ് സൺസ് ആറു വാല്യങ്ങളായി പ്രസാധനം ചെയ്തു.

മലയാളികൾക്ക് പൊതുവിൽ ലഭ്യമായ, അറബിമലയാളത്തിലാണെങ്കിലും, ആദ്യത്തെ സമ്പൂർണ ഖുർആൻ പരിഭാഷ അതായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് . അക്കാലത്ത് പള്ളിദർസുകളിലെല്ലാം ഈ പരിഭാഷാഗ്രന്ഥം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പിന്നീട് മലയാള ലിപിയിൽ തന്നെ ഒരു പരിഭാഷ വേണമെന്ന ആവശ്യം ശക്തമായപ്പോൾ വ്യാഖ്യാനമൊഴിവാക്കി ഒരു പരിഭാഷാഗ്രന്ഥം സി.എച്ചുകാർ തന്നെ ഒറ്റ വാല്യത്തിൽ 1970 ൽ പ്രസിദ്ധീകരിച്ചു.
1961 ൽ സി.എൻ. അഹ്മദ് മൗലവിയുടെ ഖുർആൻ പരിഭാഷ പുറത്തിറങ്ങി . 1963 ൽ മുഹമ്മദ് അമാനി മൗലവിയുടെ ബൃഹത്തായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥവും പ്രസിദ്ധീകൃതമായി . മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവിയുടെ പരിഭാഷയും 1967 ൽ വെളിച്ചം കണ്ടു .

ആയത്തുകൾ ഭാഗങ്ങളാക്കി അർത്ഥവും അതോടൊപ്പം അത്യാവശ്യം വിശദീകരണവുമുൾക്കൊള്ളുന്ന ഖുർആൻ പരിഭാഷ മലയാളത്തിൽ തയ്യാറാക്കുന്നതിനെ സംബന്ധിച്ച് 1994 ലാണ് ആലോചനയുണ്ടാകുന്നത് . ഏകദേശം ഉപ്പായുടെ അറബിമലയാള പരിഭാഷയുടെ രൂപത്തിൽ. വിഷയം ഉ പ്പായുടെ മുമ്പിൽ അവതരിപ്പിച്ചു . ആ കാര്യം ഉപ്പ സന്തോഷത്തോടെ ഏറ്റെടുത്തു . സൽസബീൽ മാസിക നടത്തുന്ന കാലമാണത് . പ്രഭാഷണ പരിപാടികളും നിരന്തരമുണ്ട് . അതിന്നിടയിലാണ് ഉപ്പ ആ പ്രയത്നം ആരംഭി ക്കുന്നത് . എഴുതുമ്പോൾ കൈ വിറക്കുന്നത് കൊണ്ട് ഉപ്പ പറഞ്ഞുകൊടുത്ത് ആരെക്കൊണ്ടെങ്കിലും എഴുതിക്കലാണ് പതിവ് . അവസാനമായപ്പോൾ രാവിലെ മുതൽ രാത്രി ഉറങ്ങാൻ കിടക്കുംവരെ വിശ്രമമില്ലാതെ ഉപ്പ ഈ പ്രവൃത്തിയിൽ തന്നെയായിരുന്നു . അപ്പോൾ എഴുതാൻ രണ്ടു പേരുണ്ടാകും . ഒരാൾ രാവിലെ മുതൽ ഉച്ചവരെ . ശേഷം മറ്റൊരാൾ . അങ്ങനെ 1999 അവസാനം എഴുത്ത് പൂർത്തിയാക്കി . എഴുതിക്കഴിഞ്ഞാൽ ഒന്നിച്ചിരുന്ന് ഒന്ന് വായിക്കണമെന്ന് ഉപ്പ നേരത്തെ എന്നോട് പറഞ്ഞിരുന്നു.

ഞാനക്കാലത്ത് ഗൾഫിലായിരുന്നു . ഉപ്പ വിവരമറിയിച്ച ഉടനെ നീണ്ടഅവധിയെടുത്ത് ഞാൻ നാട്ടിലെത്തി . എ.എ. ഹമീദ് (കൊച്ചി), മുഹ മ്മദ് അഹ്മദ് ഫാറൂഖി (ഫാറൂഖ് കോളേജ് ) , കെ.സി . മുഹമ്മദ് നജീബ് (എരമംഗലം) എന്നിവരോടൊന്നിച്ച് തിരൂർക്കാട്ടെ വീട്ടിൽ വെച്ച് ഞങ്ങൾ വായനയാരംഭിച്ചു . എന്തെങ്കിലും കൂടുതലായി വല്ലേടത്തും വിശദീകരണം വേണമെന്ന അഭിപ്രായം ഞങ്ങളിൽ നിന്നാരിൽ നിന്നെങ്കിലും ഉണ്ടായാൽ ഉപ്പ അത് പറഞ്ഞുകൊടുത്ത് എഴുതിക്കും . ചിലത് ഞങ്ങളിലാരെങ്കിലും എഴുതി ഉപ്പാക്ക് വായിച്ച് കേൾപ്പിക്കും . അങ്ങനെയങ്ങനെ വായന മുന്നോട്ട് പോയി .

അതിനിടയ്ക്ക് ഉപ്പാക്ക് ക്ഷീണം ബാധിച്ചു . ഉപ്പ അവസാന യാത്രക്കൊരുങ്ങുകയായിരു ന്നു . അത് ഞങ്ങളറിഞ്ഞില്ല . സാധാരണ ക്ഷീണമായിരിക്കുമെന്നായിരുന്നു ഞങ്ങളുടെ വിചാരം. ഏതായാലും ഈ ഗ്രന്ഥത്തിൻറെ വായനയും സൂക്ഷ്മ പരിശോധനയുമായിരുന്നു ഉപ്പയുടെ ഇഹലോകജീവിതത്തിൻറെ അവസാനനാളുകളിൽ എന്നു പറയാം. വൈകാതെ ഉപ്പ തീർത്തും അവശനായി. സംസാരം കുറഞ്ഞു. ചലനങ്ങൾ ചുരുങ്ങി. ഒടുവിലത്തെ നാളുകളിൽ സലാം മടക്കാൻ പോലും പ്രയാസപ്പെടുന്നത് ഞങ്ങളറിഞ്ഞു . ആദർശവിരോധികളോടു പോലും നല്ല സൗഹൃദവും ബന്ധവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ചിരുന്ന ഉപ്പ എല്ലാവരുമായും ദീർഘമായി സംസാരിച്ചിരിക്കുമായിരുന്നു . ആഗ്രഹിക്കുന്നത് സംസാരിക്കാൻ കഴിയാതെ വിഷമം ഉള്ളിലൊതുക്കുന്നത് കണ്ട് ഞങ്ങളും വേദനിച്ചു . ഉപ്പാക്ക് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ജ്യേഷ്ഠൻ അബ്ദുല്ലയും അളിയൻ കമാൽ പാഷയും ഉപ്പാനോട് ചോദിച്ചു . ഏതെങ്കിലും ശിഷ്യനെയോ ബന്ധുവി നെയോ കാണണമെന്ന് ഉപ്പാക്ക് ആഗ്രഹം തോന്നുന്നുണ്ടോ? നമുക്ക് പോകാം എന്ന് ഇരുവരും ഉപ്പായോട് പരിഭാഷാ വായനക്കിടയിൽ ചോദിച്ച ആ രംഗം ഇപ്പോഴും എൻറെ കണ്ണിലും മനസ്സിലും മായാതെ കിടക്കുന്നുണ്ട് . ഉപ്പ ആവശ്യപ്പെട്ട ഏക സംഗതി ഈ പരിഭാഷയുടെ മാറ്റർ വായിക്കുന്നത് കേൾക്കണമെന്നതു മാത്രമായിരുന്നു. ഓർമകൾ മായും വരെ ഞങ്ങൾ പരിഭാഷ വായിക്കുന്നത് കിടന്ന് കേൾക്കുകയായിരുന്നു ഉപ്പ . അങ്ങനെ ഉപ്പ നമ്മിൽ നിന്നും വിട്ടകന്നു.

ആയത്തുകളുടെ അവതരണപാശ്ചാത്തലവും ഹദീഥുകളും വളരെ കുറ ച്ചേ ഉപ്പ ചേർത്തിരുന്നുള്ളൂ . അതൊക്കെ വേണമല്ലോ എന്ന് ഞാൻ അഭിപ്രായപ്പെട്ടു . അതൊക്കെ നീ എഴു തിച്ചേർത്താൽ മതി എന്ന് എന്നോട് ഉപ്പ പറഞ്ഞിരുന്നു . ഗൾഫിൽ നിന്ന് ലീവിൽ വരുമ്പോഴൊക്കെ എഴുതിയ ഭാഗങ്ങൾ ഞാൻ നോക്കാറുണ്ടായിരുന്നു . അപ്പോഴാണ് മേൽ അഭിപ്രായം ഞാൻ പറഞ്ഞതും ഉപ്പ അക്കാര്യം എന്നെ ചുമതലപ്പെടുത്തിയതും . പിന്നീട് ഗ്രന്ഥങ്ങൾ നോക്കി എൻറെ കഴിവനുസരിച്ച് ഞാൻ അത് നിർവഹിക്കു കയും ചെയ്തു . 2000 ഫെബ്രുവരി 24 ന് ഉപ്പ മരണപ്പെട്ടു . പ്രവാസജീവിതം മതിയാക്കി ഞാൻ നാട്ടിലെത്തിയത് 2003 ലാണ് .

വൈകാതെ തന്നെ മുഹമ്മദ് അഹ്മദ് ഫാറൂഖിയും നാട്ടിലെത്തി . എഴു തിത്തയ്യാറായത് മുഴുവൻ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്ന് വായിച്ചു . എ.പി. അബ്ദുൽ ഖാദിർ മൗലവി, പി .കെ. അലി അബ്ദുർറസാഖ് മദനി, എസ്.എം. ഐദീദ് തങ്ങൾ , അബ്ദുല്ല സുല്ലമി , ഹംസ മദീനി തുടങ്ങിയ പണ്ഡിതന്മാർ സൂക്ഷ്മപരിശോധനയിൽ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇവിടെ നാട്ടിലുള്ള ഒരുപാട് സുഹൃത്തു ക്കൾ ഇതിൻറെ പ്രൂഫ് വായിക്കാനും മറ്റും ഞങ്ങളോട് സഹകരിച്ചു . ഹദീഥുകൾ നോക്കാനും മറ്റും എന്നെ സഹായിച്ചത് റഹ്മതുല്ലാ ഫാറൂഖി (കണ്ണൂർ),ജഅ്ഫർ സലഫി (തിരൂർക്കാട്) , യഹ് യ(ഷൊർണൂർ) എന്നിവരാണ് . ഈ വ്യാഖ്യാനഗ്രന്ഥം തയ്യാറാക്കുന്നതിൻറെ വിവിധ ഘട്ടങ്ങളിൽ പലതരത്തിലുള്ള സഹായസ ഹകരണങ്ങൾ ചെയ്തുതന്നെ ധാരാളം സുഹൃത്തുക്കളുണ്ട് . സാമ്പത്തികമായ സഹായം നൽകിയവരുമുണ്ട് . പേര് പറഞ്ഞുപോകരുതെന്ന് താക്കീത് നൽകിയവരുമുണ്ട് അക്കൂട്ടത്തിൽ. അവർക്കെല്ലാവർക്കും, മുകളിൽ പേരെടുത്ത് പറഞ്ഞവരും അല്ലാത്തവരുമായ എല്ലാവർക്കും അർഹമായ പ്രതിഫലം നൽകാനും ദുൻയാവിലും ആഖിറത്തിലും അനുഗ്രഹം ചൊരിയാനും കരുണാവാരിധിയായ റബ്ബുൽ ആലമീനോട് ദുആ ഇരക്കുന്നു.

കാലോചിതവും സമുചിതവുമായ ഒരു മുഖവുര ഈ ഗ്രന്ഥത്തിന് വേണമെന്ന് ഞങ്ങളാഗ്രഹിച്ചിരുന്നു. അതിന് സാധ്യമായിട്ടില്ല. തർജുമാനുൽ ഖുർആൻ മലയാളത്തിൽ ഒറ്റ വാല്യത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ 1970 ൽ ഉപ്പ എഴുതിയ മുഖവുരയാണ് ഇതിൽ ആമുഖമായി കൊടുത്തിട്ടുള്ളത് . ആയത്തുകളുടെ അർത്ഥം, വിശദീകരണം, അവതരണ കാരണങ്ങൾ, ഹദീഥുക ൾ, ആധുനികമായ ചില വ്യാഖ്യാനങ്ങൾ ഇവയിലൊക്കെ പരമാവധി സൂക്ഷ്മതയും ശ്രദ്ധയും പുലർത്തിയിട്ടുണ്ട് . എങ്കിലും അബദ്ധങ്ങളും തെറ്റുകളും ഉണ്ടാകാം . എന്തു തരത്തിലുള്ള തെറ്റുകൾ വായനക്കാരുടെ ശ്രദ്ധയിൽ പെട്ടാലും ഉടനെത്തന്നെ അറിയിക്കണമെന്ന് വിനയത്തോടെ അപേക്ഷിക്കുന്നു .

മൂന്ന് വാല്യങ്ങളാണ് ഇതിനുള്ളത് . ഒന്നാം വാല്യം 2008 ൽ ചങ്ങരംകുളം മുജാഹിദ് സംസ്ഥാന സമ്മേളനത്തിലാണ് പുറത്തിറങ്ങിയത് . സമ്മേളനത്തിന് മുമ്പ് അച്ചടി പൂർത്തിയാക്കാ നുള്ള കൃതിയിൽ ഒന്നാം വാല്യത്തിൻറെ സൂക്ഷ്മപരിശോധനയിലും പ്രൂഫ് നോട്ടത്തിലും ചില അബദ്ധങ്ങൾ സംഭവിച്ചു . അവ ചൂണ്ടിക്കാണിച്ച് സഹോദരന്മാരോടുള്ള അനൽപമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. ആ അബദ്ധങ്ങൾ 2013 ൽ പുറത്തിറക്കിയ രണ്ടാം വാല്യത്തിൻറെ മുഖവുരയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാദ്ധ്യമാ കുന്നിടത്തോളം കോപ്പികളിൽ ഞങ്ങൾ തിരുത്തി. ആ പതിപ്പ് കൈയിലുള്ളവർ ആ അബദ്ധങ്ങൾ തിരുത്ത പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നുണർത്തുന്നു . അവയെല്ലാം തിരുത്തി ഏറെക്കുറെ നന്നായി എഡിറ്റു ചെയ്ത് പരിഷ്കരിച്ച് രണ്ടാം പതിപ്പാണ് ഇത് . പല കാരണങ്ങളാൽ മൂന്നാം വാല്യത്തിൻറെ പ്രവൃത്തി പൂർത്തിയാക്കാൻ വിചാരിച്ചതിലും അധികം സമയം വേണ്ടി വന്നു .

ഒന്നും രണ്ടും വാല്യങ്ങൾ കൈയിൽ കിട്ടി വായിച്ച് പലരും അഭിപ്രായങ്ങളറിയിച്ചത് ഞങ്ങൾക്ക് വലിയ പ്രചോദനമായി . ഒരു മെഡിക്കൽ കോളേജി ലെ ഒരു വിഭാഗത്തിൻറെ തലവൻ പറഞ്ഞു : "ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഖുർആൻ പരിഭാഷകളെ ല്ലാം ഞാൻ വായിക്കാറുണ്ട് . എന്നാൽ ഉമർ മൗലവിയുടെ വിവരണശൈലി വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നതാണ്" മറ്റൊരു പ്രഭാഷകൻ അഭിപ്രായപ്പെട്ടത് "ഇത് ഉമർ മൗലവി നമ്മുടെ മുമ്പിലിരുന്ന് ക്ലാസെടുക്കുന്നത് പോലെയുണ്ട്" എന്നാണ്. 'അവ്യക്തതയോ സംശയമോ ഒഴിവാക്കി കാര്യങ്ങൾ കൃത്യവും വ്യക്തവുമായി വഴി കാണിക്കുന്ന ശൈലിയാണിതിൻറെ പ്രത്യേകത' എന്നാണ് പ്രബോധകനായ ഒരധ്യാ പകൻറെ പ്രതികരണം. ഇത് തലമുറകൾക്ക് വെളിച്ചം പകരുന്ന ഒന്നായിത്തീരാൻ റബ്ബ് തുണക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

അല്ലാഹുവേ! ഈ ഗ്രന്ഥവും അതിനു പിന്നിലുള്ള അദ്ധ്വാനവും എൻറെ ഉപ്പാക്ക് നിലനിൽ ക്കുന്ന ഒരു സൽകർമമായി രേഖപ്പെടുത്തേണമേ ! അദ്ദേഹത്തിൽ നിന്നും ഞങ്ങളിൽ നിന്നും ഈ ശ്രമം നീ സ്വീകരിച്ച് പ്രതിഫലം നൽകി അനുഗ്രഹിക്കേണമേ ! ഞങ്ങളുടെ വീഴ്ചകളും പാപങ്ങളും പൊറുക്കേണമേ !