ഓര്‍മകളുടെ തീരത്ത് (ആത്മകഥ) ഭാ​ഗം .1

ഇത് എൻറെ ജീവചരിത്രമല്ല ,

കുടുംബകഥയുമല്ല .

ആത്മകഥാകഥനം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.

വിശുദ്ധമായ ഒരു ആദർശം ഉത്തമബോധ്യത്തിൽ സ്വീകരിച്ചു. അത് സ്വകാര്യ സ്വത്താക്കി വെക്കേണ്ടത ല്ലെന്നും മനസ്സിലാക്കി. അപ്പോൾ എനിക്ക് ആത്മസംസ്കരണം നൽകി എന്നെ ഞാനാക്കിയ വിശുദ്ധ പ്രമാണങ്ങളുടെ മഹത്വം മനുഷ്യരെ ബോധ്യപ്പെടുത്താൻ കഴിവിനൊത്ത് ശ്രമിക്കണമെന്ന് മനസ്സ് മന്ത്രിച്ചു.

അങ്ങനെ ഞാൻ സമൂഹത്തിലേക്കിറങ്ങി. നീണ്ട ഏഴുപതിറ്റാണ്ടുകൾ വിജ്ഞാനം തേടിയും നൽകിയും യാത്ര തുടരുകയാണ് . ഈ ദീർഘദൂര ഓട്ടത്തിൽ ഒരു നീണ്ട വിശ്രമം ഉണ്ടായിട്ടില്ല . അതിന് സാധ്യമായിട്ടില്ല തന്നെ. പ്രായം എൺപത്തിമൂന്ന് തികയാറാവുന്നു . വിശ്രമരഹിതമായ പ്രവർത്തനങ്ങളും പ്രായാധിക്യവും ക്ഷീണം വരുത്തിയിട്ടുണ്ട് . പക്ഷെ മനസ്സ് തളർന്നിട്ടില്ല .റബ്ബിൻറെ അനുഗ്രഹം തന്നെ. കാലദൈർഘ്യം ഓർമ്മകൾക്ക് മങ്ങലേൽപിക്കുന്നു.

ബന്ധങ്ങൾ ഒട്ടനവധിയാണ് ; നിലനിൽക്കുന്നതും മുറിഞ്ഞുപോയതും. കണക്കറ്റ പരിചയക്കാർ. അവരിൽ കുറേപേർ സുഹൃത്തുക്കളായി മാറി. എത്രയോ പേർ എന്നെ വിട്ടകന്നു. പലരും ഈ ലോകം തന്നെ ഉപേക്ഷിച്ചുപോയി . ചിലർ നിത്യരോഗത്തിലും വാർദ്ധക്യക്ഷീണത്തിലും പരിക്ഷീണരായി കഴിയുന്നു. നീണ്ട കാലയളവിൽ പരിചയബന്ധങ്ങളിലുണ്ടായിരുന്ന ചിലരെ ഓർത്തെടുക്കാൻ തന്നെ പ്രയാസമായിരിക്കുന്നു .

കേരളത്തിലെ നഗര ഗ്രാമാന്തരങ്ങളിലൂടെ നിരന്തരം യാത്ര ചെയ്തു. ധാരാളം പണ്ഡിത നേതാക്കളുമായും പൗരപ്രമുഖരുമായും പരിചയപ്പെട്ടു . സ്നേഹബന്ധങ്ങളുടെ ഒരു കലവറ തന്നെയുണ്ട് . ചർച്ചകളും സംവാദങ്ങളും ഏറെ ഉണ്ടായിട്ടുണ്ട് .

യാത്രകൾ കേരളം വിട്ട് പുറത്തേക്കും നീങ്ങി . ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശനാടുകളിലും ധാരാളം സഞ്ചരിച്ചു . അങ്ങനെ അനുഭവങ്ങളും ബന്ധങ്ങളും ഏറെയുണ്ട് . യാത്രകളൊക്കെയും ആദർശബന്ധിതമായിരുന്നു. വിജ്ഞാനമായി കിട്ടിയതൊക്കെ സമൂഹത്തിലേക്ക് പകർന്നു നൽകാനും കഴിവുറ്റ് ശ്രമിച്ചു.

സുഹൃദ് ബന്ധങ്ങളുടെ ഭണ്ഡാരത്തിൽ നിന്നും ചിലർ പിന്നീട് കഠിന ശത്രുക്കളായി. ആദർശഭിന്നതയാണ് ഇതിനവരെ പ്രേരിപ്പിച്ചത് . എൻറെ ഗുരുനാഥന്മാർ പോലും ഈ ഗണത്തിൽപെടുന്നു.

നീണ്ട യാത്രയിൽ ജീവൻ തന്നെ അപകടപ്പെടുമെന്ന് തോന്നിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് . ഭീഷണികൾ നിരന്തരം പിന്തുടർന്നു . ആക്ഷേപങ്ങളും പരിഹാസങ്ങളും കുറച്ചൊന്നുമല്ല സഹിക്കേണ്ടിവന്നത് . വ്യക്തികളും പ്രസ്ഥാനങ്ങളും മിത്രഭാവം പ്രകടിപ്പിച്ചു എന്നെ പ്രോത്സാഹിപ്പിച്ചു . എല്ലാ നല്ലതും ചീത്തയും ആദർശസംബന്ധമായിരുന്നു . ഒന്നു തിരിഞ്ഞുനോക്കിയപ്പോൾ സംഭവബഹുലമാണ് എൻറെ യാത്ര.

പരന്നും ഒളിഞ്ഞും കിടക്കുന്ന അനുഭവങ്ങൾ ക്രോഡീകരിച്ച് പുതിയ തലമുറക്ക് നൽകാൻ സുഹൃത്തുക്കൾ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അടുത്ത കാലത്ത് അത് നിർബന്ധപൂർവ്വമായ ഒരാവശ്യമായി. പിന്നെ ശകാരമായി . എഴുതിക്കൂട്ടിയെടുക്കാൻ പലതും ഒത്തുചേരണം . ഡയറി എഴുത്ത് എനിക്കില്ലായിരുന്നു . അതൊരു കുറവ്. എഴുതുമ്പോൾ കൈ വിറക്കും. അപ്പോൾ സഹായത്തിനൊരാൾ അത്യാവശ്യമാണ് . എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടൊഴിഞ്ഞു ശ്രദ്ധയോടെ സ്ഥിരമായിത്തന്നെ കുത്തിയിരിക്കണം . അതെൻറെ സ്വഭാവത്തിന് ഇണങ്ങാത്തതാണ്. മനസ്സിൽ കൂനകളായി കിടക്കുന്ന ഓർമ്മകളിൽ നിന്നും ആവശ്യമുള്ളത് തെരഞ്ഞെടുത്ത് അടുക്കും ചിട്ടയുമായി വേർതിരിക്കണം . വായനക്കാർക്ക് ഹൃദ്യവും പ്രയോജനപ്രദവുമാകണം . ഇതൊക്കെ എളുപ്പമുള്ളതല്ലല്ലോ. അതുകൊണ്ട് തന്നെ പ്രായോഗികമാക്കാൻ കഴിയാതെ നാളുകൾ നീങ്ങി .

പിന്നെ എനിക്ക് തോന്നി എൻറെ ഓർമ്മകൾ മങ്ങിത്തുടങ്ങുന്നു. പ്രായത്തിൻറെ ക്ഷീണം ശരീരത്തിൽ നിന്നും മനസ്സിലേക്ക് നീങ്ങിയാൽ ഒന്നിനും കഴിയില്ലല്ലോ . അതിനാൽ ഒഴിഞ്ഞുകിട്ടുന്ന സമയങ്ങളിൽ ഓർമ്മയിൽ ഓടിവരുന്നതിൽ നിന്ന് വായനക്കാർക്ക് പ്രയോജനപ്പെടുന്ന വിഷയങ്ങൾ മാത്രം കുറിച്ചു തുടങ്ങുക. ഞാൻ തുടങ്ങുകയാണ് .

സർവ്വശക്തനും മഹാകാരുണികനുമായ അല്ലാഹുവിൻറെ പേരിൽ ഒരു ഉദാഹരണം നിങ്ങൾക്ക് ഞാൻ തരാം.

1974 നവംബർ മാസത്തിൽ  എറണാകുളത്ത് നിന്നും പോസ്റ്റ് വഴി എനിക്ക് കിട്ടിയ ഒരു കത്ത് വായിക്കൂ. ഇവിടെ കൃത്യമായ കൊല്ലവും തിയ്യതിയും പലപ്പോഴും ഉണ്ടാകുകയില്ല .

അല്ലെങ്കിൽ തിയ്യതിയിലെന്ത് കാര്യം .

വിഷയങ്ങളല്ലേ പ്രധാനം .

പശ്ചാത്തലവും കാലവും സന്ദർഭങ്ങളും കാര്യങ്ങളുടെ കഴമ്പ് വായനക്കാർക്ക് ബോധ്യപ്പെടാൻ ഉപകരിക്കും .

ശ്രമകരമായ ഈ രചന തുടങ്ങുമ്പോൾ എൻറെ മനസ്സിൻറെ കണ്ണാടിയിൽ പെട്ടെന്ന് തെളിഞ്ഞുവന്ന ഒരു കാര്യം ആദ്യം കുറിക്കട്ടെ. എന്റെ യാത്രാവീഥിയിലെ ഒരു പ്രധാന ആദർശത്രു, മലബാറിൽ പരക്കെ അറിയപ്പെട്ടിരുന്ന ഒരു യുക്തിവാദി. എൻറെ സൽസബീൽ മാസികയിലൂടെ ഒരാശയ സംവാദത്തിന് അദ്ദേഹത്തെ ഞാൻ ക്ഷണിച്ചു. എഴുപതുകളുടെ മദ്ധ്യത്തിലാണ് സംഭവം. ദൈവനിഷേധിയായിരുന്നുവെങ്കിലും ദൈവവിശ്വാസത്താൽ ആവേശഭരിതരാകുന്ന പലരേക്കാളും ഉപചാര മര്യാദകളിൽ മാന്യത പുലർത്തി അദ്ദേഹം. പി.സി. കടലുണ്ടി എന്ന തൂലികാനാമത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഞങ്ങൾ തമ്മിൽ വളരെ കത്തിടപാടുകൾ നടത്തിയിട്ടുണ്ട് . ആശയബന്ധിതമായവ പ്രസിദ്ധീകരിച്ചു . എൻറെ ആവശ്യപ്രകാരം ദൈവവിശ്വാസത്തെ എതിർക്കുന്ന ഒരു ലേഖനം അദ്ദേഹം മാസികക്കയച്ചുതന്നു .

കേരള നദ് വത്തുൽ മുജാഹിദീൻ എന്ന മഹത്തായ ഇസ്ലാമിക പ്രസ്ഥാനത്തിൻറെ സമാദരണീയനായ അദ്ധ്യക്ഷനും അനുഗൃഹീത തൂലികയുടെ ഉടമയും പണ്ഡിതനും ചിന്തകനുമായിരുന്ന എൻറെ ആത്മമിത്രം ഡോ. എം . ഉസ്മാൻ സാഹിബ് (നിലമ്പൂർ) എൻറെ അപേക്ഷ മാനിച്ച് സൽസബീലിൻറെ താളുകളിൽ കയറി വന്നു. അദ്ദേഹം പി.സി. കടലുണ്ടിയെ നേരിട്ടു. ശക്തമായി,വിദഗ്ധമായി ,മാന്യമായി , ഫലപ്രദമായി ഡോക്ടർ തടുക്കുകയും വെട്ടുകയും ചെയ്തു. വിശദാംശങ്ങൾ വഴിയേ നിങ്ങൾക്ക് വായിക്കാം .

ഡോ. ഉസ്മാൻ സാഹിബ് എൻറെ നീണ്ട യാത്രയിലെ വികാരഭരിതമായ ഒരദ്ധ്യായമാണ് . ആ മഹാനുഭാവനോടൊത്ത് സ്വർഗത്തിലും എനിക്ക് ഒത്തുകൂടണമെന്ന് ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നു. പി.സി. കടലുണ്ടി ഒരിക്കൽ (25.8.73) ഇപ്രകാരം എനിക്കെഴുതി:

ബഹുമാനപ്പെട്ട ഉമർ മൗലവി സാഹിബ്, സദയം അയച്ച സൽസബീൽ മാസിക കിട്ടി. വളരെ നന്ദി. എനിക്കുള്ള വിമർശം വായിച്ചു. എത്രയും മാന്യമായി പ്രതിപക്ഷങ്ങൾക്കുള്ള താങ്കളുടെ ശക്തമായ വിമർശനം അസ്സലായിട്ടുണ്ട്. പലതും വായിച്ച് ഞാൻ ചിരിച്ചു പോയി. ഒരറബി പണ്ഡിതനായ താങ്കൾ മലയാളസാഹിത്യത്തിൽ ഇത്രയും പരിജ്ഞാനം നേടിയത് അത്ഭുതം തന്നെ.

8.11.73 ൽ അദ്ദേഹം എനിക്കെഴുതി:

'പ്രിയപ്പെട്ട മൗലവി സാഹിബ് കത്തിന് വളരെ നന്ദി . ഞാൻ അത്ഭുത പ്പെട്ടുപോയി , ലേഖനം കിട്ടിയ ഉടനെ തന്നെ ഈയുള്ളവന് കത്തയച്ചത് കണ്ടപ്പോൾ . കേരളത്തിലെ മിക്ക പത്രാധിപന്മാരുമായി ഞാൻ ഇടപെടുന്നത് കാലം പെരുത്തായി എന്നാൽ താങ്കളെപ്പോലെ ഇത്ര മര്യാദയും കൃത്യതയുമുള്ളവരായി അവരിൽ ഒരാളെപ്പോലും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല . താങ്കളുടെ വ്യക്തിമഹത്വം പ്രശംസാർഹം തന്നെ'

ഈ കത്തുകൾ വായിച്ചപ്പോഴും ഇപ്പോൾ അത് ഇവിടെ പകർത്തുമ്പോഴും മഹാകാരുണികനായ അല്ലാഹുവിന് ഞാൻ സ്തുതി പറയുന്നു . കത്തുകൾ വായിച്ചപ്പോൾ യഥാർത്ഥത്തിൽ അത്ഭുതപ്പെട്ടവൻ ഞാനാണ്. എങ്ങനെ അത്ഭുതപ്പെടാതിരിക്കും! മക്കളെ ചേർക്കുന്നതിനു വേണ്ടിയല്ലാതെ പഠിക്കാനായി സ്കൂളിൻറെ പടിവാതിൽ ഞാൻ കടന്നിട്ടില്ല . എന്നിട്ടും ഒരാദർശവിരോധിയിൽ നിന്നും ഇങ്ങനെ ഒരംഗീകാരമോ? മലയാള ഭാഷയുടെ വ്യാകരണനിയമങ്ങളോ പ്രയോഗരീതികളോ രചനാശൈലിയോ ഒന്നും പഠിച്ചിട്ടില്ലാത്ത ഈ സാധുവിനെ ഒരു ദൈവനിഷേധി പരിഹസിക്കുകയാണോ? കത്ത് വീണ്ടും വീണ്ടും ശ്രദ്ധയോടെ വായിച്ചു. പ്രശംസകൾ കൊണ്ടും പ്രലോഭനങ്ങൾകൊണ്ടും എന്നെ വശപ്പെടുത്താൻ കഴിയുമെന്നുള്ള മൂഢവിചാരമൊന്നും അദ്ദേഹത്തിനില്ല. പല കത്തുകളിൽ നിന്നും എന്നെ അദ്ദേഹം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു . കളങ്കമില്ലാത്ത പ്രതികരണം തന്നെയായിരിക്കണം. ഞാൻ അല്ലാഹുവിനെ സ്തുതിച്ചു. കണ്ണുനീർ വാർത്തു. ഒരാദർശവിരോധിയിൽ നിന്നും നിഷ്കളങ്കമായ പ്രശംസകൾക്ക് ഈ അൽപജ്ഞനെ അർഹനാക്കിയത് മഹാ കാരുണികനായ അല്ലാഹു മാത്രമാണ് . സ്തുതി! അല്ലാഹുവിന് ഒരായിരം സ്തുതി!! എനിക്ക് സാഹിത്യമറിഞ്ഞുകൂടാ.

പക്ഷെ, സാഹിത്യമെന്തെന്നും എന്തിനാണെന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട് . മനുഷ്യർക്ക് തിരിയുന്ന ഭാഷയിൽ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ് ഏറ്റവും മുന്തിയ സാഹിത്യം എന്ന് അതേക്കുറിച്ച് വിവരമുള്ളവർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . വൈക്കം മുഹമ്മദ് ബഷീർ സാഹിത്യനായകരുടെ മുൻനിരയിൽ കയറി നിന്നത് ഈ ഗുണം മൂലമായിരുന്നുവത്രെ.

മറ്റൊന്ന്, എഴുത്തുകാർക്ക് ദുരൂഹമാകാത്ത, കൃത്യമായ, തനതായ ഒരു ശൈലി ഉണ്ടാകണമത്രെ ! തൂലികാനാമം കണ്ടില്ലെങ്കിലും വായനാശീലമുള്ള ഒരാൾക്ക് കർത്താവിനെ തിരിച്ചറിയാൻ കഴിഞ്ഞാൽ അദ്ദേഹം ഒരു ശൈലിയുടെ ഉടമയാണെന്ന് പറയാം.

അപ്പോഴാണ് ഞാൻ ഓർക്കുന്നത് . എൻറെ സുഹൃത്തുക്കളിൽ പലരും എന്നോട് പറഞ്ഞിട്ടുണ്ട് . നിങ്ങളുടെ പ്രസംഗത്തിലും എഴുത്തിലും തനതായ ഒരു ശൈലിയുണ്ട് . മറ്റാർ ക്കും അനുകരിക്കാൻ കഴിയാത്തതാണത്രെ അത്. അവിശ്വസനീയമായി തോന്നി. എങ്ങനെ ഞാൻ ഇങ്ങനെയൊക്കെ ആയി അല്ലാഹുവിന്നറിയാം. അവൻറെ കരുണാകടാക്ഷവും അനുഗ്രഹവും മാത്രം എല്ലാ സ്തുതിഗീതങ്ങളുടെയും യഥാർത്ഥ അവകാശി അല്ലാഹു മാത്രമാകുന്നു .

എന്നാൽ ഇതിനൊരു മറുവശവും ഉണ്ട് . അതും റബ്ബിൻറെ പരീക്ഷണം തന്നെ . ഈ പ്രശംസയിൽ ഞാൻ അൽപം സന്തോഷിച്ചതും എൻറെ സു ഹൃത്തുക്കളും വായനക്കാരുമായും ഞാനത് പങ്ക് വെക്കുന്നതും ഈ മറുവശം ഓർക്കുന്നതുകൊണ്ടാണ്. ശത്രുതയുടെ അസഭ്യാഭിഷേകത്താൽ സഹിക്കാവുന്നതിലേറെ ഞാൻ അനുഭവിച്ചിട്ടുണ്ട് . മനസ്സിനെ സഹന ത്തിന് പാകപ്പെടുത്തിയവനും അല്ലാഹു തന്നെ. സ്തുത്യർഹൻ അല്ലാഹു തന്നെ ,

അബിപന്ന്യരായ ഓമർ മൗലവി , തനിക്ക് ഒരു ബാർബറുടെ പണി എടുത്തുകൂടെ , താനും കുറെ കള്ളന്മാരും കൂടി പ്രവർത്തിച്ചിട്ട് എന്ത് ഉണ്ടാക്കാൻ . താൻ ആരാണ് അമീറിനോട് ചോദ്യം ചോദിക്കാൻ, തനിക്ക് മലയാളമോ അറബിയോ തിരിയുമോ? തൻറെ സൽസബീലാകുന്ന സുന്നാമാക്കി കുടിച്ചവരെല്ലാം വല്ലാതെ തുറുന്നു . കൊച്ചി ഭാഗത്ത് ഫിത്നയുണ്ടാക്കുന്ന നിന്നെയും കൂട്ടുകാരെയും കൂട്ടിൽ കയറ്റും . മിഹ്റാബും മിമ്പറും വൃത്തികേടാക്കിയ കഴുതേ, ഇടിച്ചു ചോര തുറിക്കും . സൂക്ഷിച്ചോ പട്ടീ'

ഈ കത്തിൻറെ ഉടമസ്ഥൻ ആരായിരിക്കുമെന്ന് വായനക്കാർക്ക് മനസ്സിലാകും. ഇവരുടെ പഠന പരിശീലനത്തിൽ വളരുന്ന വിദ്യാർത്ഥി യുവജനവിഭാഗം കുറച്ച് നാൾ മുമ്പ് സംസ്കാരമോ സർവ്വനാശമോ എന്ന മുദ്രാവാക്യവുമായി കേരളത്തിലങ്ങോളമിങ്ങോളം ഒരു കാമ്പയിൻ നടത്തി. ആരുടെ സംസ്കാരത്തിനാണ് നാശം സംഭവിച്ചതെന്ന് ഇവിടെ വ്യക്തമാണല്ലോ. നിർഭാഗ്യകരമായ നാശം!! ഈ കത്ത് 74 നവംബർ ലക്കം സൽസബീൽ മാസികയിൽ ഞാൻ പരസ്യം ചെയ്തു. അതിൽ നിന്നും ചില ഭാഗങ്ങൾ മാത്രമാണ് മുകളിൽ ചേർത്തിട്ടുള്ളത്. ഈ കത്തിനു താഴെ ഞാൻ എഴുതി: 'സത്യത്തെയും നീതിയേയും ഇഷ്ടപ്പെടുകയും സത്യവാന്മാരേയും നീതിമാന്മാരേയും സ്നേഹിക്കുകയും ചെയ്യുന്ന അല്ലാഹുവേ! പരിശുദ്ധഖുർആനിൽ വിവരിച്ച സത്യം പരസ്യം ചെയ്യുവാൻ നീ നിർബന്ധിച്ചു. അതുകൊണ്ട് ഞാൻ അതിന് തയ്യാറായി. അക്കാരണത്താൽ ജമാഅത്തെ ഇസ്ലാമിക്കാർ എന്നോട് കഠിനമായ ശത്രുത പുലർത്തി, എന്നെക്കുറിച്ച് സിയോണിസ്റ്റ് എജൻറ് എന്നും മറ്റും പ്രചാരണം ചെയ്യുന്നു ഏതൊക്കെയോ കാട്ടാൻ ഒരുങ്ങിയിരിക്കുന്നു. ഞാൻ ഇതിന് മുതിർന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല. നിൻറെ കൽപന പ്രകാരമാണ്. അതുകൊണ്ട് ഇവരുടെയും എൻറെയും ഇടയിൽ നീതി വിധിക്കേണമേ' (സൽസബീൽ : 20.11.74)