കെ.ഉമർ മൗലവി

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത വെളിയങ്കോട്ടാണ് 1917ൽ ഉമർ മൗലവി ജനിച്ചത്. പിതാവ് അറക്കൽ കുഞ്ഞഹ് മദ്, മാതാവ് കടമ്പാളത്ത് ഫാത്വിമ. ബിക്കുട്ടി, മുഹമ്മദുണ്ണി, അലി, ആഇശ, ഉമർ, സെയ്ദ് ഇങ്ങനെ ആറു മക്കളാണ് ഈ ദമ്പതികൾക്കുണ്ടായിരുന്നത്.

മൗലവി സ്കൂളിൽ  പഠിച്ചിട്ടില്ല. ചെറുപ്പം മുതൽ പള്ളി ദർസുകളിൽ പഠനം തുടങ്ങി. വിവിധ സ്ഥലങ്ങളിൽ വിവിധ മുദരിസുമാരുടെ കീഴിൽ അനേകം വർഷങ്ങൾ കിതാബുകളോതി പഠിച്ചു. ഒരു ദർസിൽ വച്ച് കൂട്ടുകാരനിൽനിന്ന് മലയാളം അക്ഷരങ്ങൾ വായിക്കാനും എഴുതാനും പഠിച്ചു.

പ്രദേശത്തെ അറിയപ്പെട്ട മുസ് ലിയാക്കന്മാരായിരുന്നു അമ്മാവന്മാരായ അഹ് മദ് മുസ് ലിയാർ, മൊയ്തുണ്ണി മുസ് ലിയാർ, അബൂബക്കർ മുസ് ലിയാർ എന്നിവർ. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിലായിരുന്നു അവർ ജോലി ചെയ്തിരുന്നത്. സഹോദരിയെയും അളിയനെയും മക്കളെയും വെളിയങ്കോട്ടുനിന്ന് തങ്ങളുടെ അടുത്തേക്ക് കൊണ്ടുപോയി കണിയാപുരത്ത് താമസമാരംഭിച്ചു അവർ. (കണിയാപുരം, പാങ്ങോട്, നെടുമങ്ങാട് പ്രദേശങ്ങളിൽ ഉമർ മൗലവിയുടെ ബന്ധുക്കൾ ഇപ്പോഴുമുണ്ട്).

അക്കാലത്തെ ഏറ്റവും പ്രസിദ്ധ മതപണ്ഡിതനായ പാങ്ങിൽ അഹ് മദ് കുട്ടി മുസ് ലിയാരുടെ ദർസിൽ മൗലവി എത്തുകയും വൈകാതെത്തന്നെ മുസ്ലിയാരുടെ പ്രിയ ശിഷ്യനായിത്തീരുകയും സെക്രട്ടറിയുടെ സ്ഥാനത്തെത്തുകയും ചെയ്തു . വിവിധ ആവശ്യങ്ങൾക്കായി സമീപിച്ചിരുന്നവർക്ക് മുസ് ലിയാർ ഫത് വകൾ പറഞ്ഞുകൊടുത്ത് എഴുതിച്ചിരുന്നത് തന്റെ പ്രിയശിഷ്യനെക്കൊണ്ടായിരുന്നു. അറബിമലയാളത്തിലാണ് എഴുത്ത്. നല്ല കയ്യക്ഷരമായിരുന്നു മൗലവിയുടേത് . ആ ദർസിൽ വച്ചാണ് കെ.എം മൗലവിയെ സംബന്ധിച്ച് കേൾക്കുന്നത്. ആദർശപരമായി പ്രതിയോഗികളുടെ നേതാവായി അറിയപ്പെട്ടിരുന്ന പണ്ഡിതനും സ്വാതന്ത്ര്യ സമരസേനാനിയുമൊക്കെയായിരുന്ന കെ.എം മൗലവി പലപ്പോഴും ദർസിൽ പരാമർശിക്കപ്പെട്ടിരുന്നു.

അങ്ങനെ അദ്ദേഹത്തെ നേരിൽ കാണാൻ ആഗ്രഹം തോന്നി. ഒടുവിൽ താനൂരിൽനിന്ന് തിരൂരങ്ങാടിയിലെത്തി . ഓറിയൻറൽ ഹൈസ്കൂളിൻറെ തൊട്ടടുത്തുള്ള ചെനക്കൽ പള്ളിയിൽ വച്ച് കെ.എം മൗലവിയെ കണ്ടു. ആ കൂടിക്കാഴ്ച അദ്ദേഹത്തിൻറെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറി.1941 ലായിരുന്നു ഇത് .

സലഫീ പണ്ഡിതന്മാരായിരുന്ന ഇ.കെ മൗലവി, പി.വി മുഹമ്മദ് മൗലവി(അറബിക്കവി), ഉബൈദുല്ല മൗലവി , കെ.കെ.എം ജമാലുദ്ദീൻ മൗലവി തുടങ്ങിയവരുടെ കേന്ദ്രമായിരുന്നു നൂറുൽ ഇസ് ലാം മദ്റസ. ഇന്നത്തെ ഓറിയൻറൽ സ്കൂൾ കെട്ടിടം . അവരുടെ നേതാവ് കെ.എം മൗലവിയും . അധികം വൈകാതെ ഉമർ മൗലവി പുതിയ ഉസ്താദിൻറെ ശിഷ്യത്വം സ്വീകരിച്ചു .

വടക്കേ മലബാറിലെ പൗരപ്രമുഖനും പ്രമുഖ ധനാഢ്യനും സമുദായ സ്നേഹിയുമായിരുന്ന എ.കെ കുഞ്ഞിമായിൻ ഹാജിയുടെ ആവശ്യപ്രകാരം നാല് പ്രബോധകരെ പരിശീലിപ്പിക്കുകയായിരുന്നു കെ.എം മൗലവി . ആ നാലുപേരിൽ ഒരാളായി ഉമർ മൗലവി തിരഞ്ഞെടുക്കപ്പെട്ടു . സി.പി കുഞ്ഞിമൊയ്തീൻ മൗലവി , കെ.കെ.എം ജമാലുദ്ദീൻ മൗലവി , മൊയ്തീൻ കുട്ടി മൗലവി എന്നി വരുടെ കുട്ടത്തിൽ മൗലവിയും ആ ദൗത്യനിർവഹണത്തിൽ പങ്കാളിയായി . ചരിത്രപുരുഷനായിരുന്ന മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അരുമശിഷ്യനും മൗലാനയുടെ എഴുത്തുകാരനുമായിരുന്ന മുഹമ്മദ്കുട്ടി മുസ്ലിയാരാണ് കെ.എം മൗലവിയായി പിന്നീട് അറിയപ്പെട്ട കാത്തിബ് (എഴുത്തുകാരൻ). മുഹമ്മദ് മൗലവി, അദ്ദേഹം മൗലാനയുടെ മകളെ വിവാഹം കഴിച്ചു . ( ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മക്കളാണ് എം.സി.സി സഹോദരന്മാർ എന്ന് പ്രസിദ്ധരായ എം.സി.സി അഹമ്മദ് മൗലവി, അബ്ദുറഹ്മാൻ മൗലവി, ഹസൻ മൗലവി എന്നിവർ). പിൽക്കാലത്ത് കെ.എം മൗലവി ഗുരുനാഥന്മാരുടെ ഗുരുനാഥനായിത്തീർന്നു.

ദേശീയ പ്രസ്ഥാനത്തോട് സഹകരിച്ചായിരുന്നു മുസ് ലീം നേതാക്കളിലധികവും പ്രവർത്തിച്ചിരുന്നത്. ന്യൂനപക്ഷങ്ങൾ സംഘടിതരാകണമെന്ന ആശയത്തിൽ പല മുസ് ലീം നേതാക്കളും ആകൃഷ്ടരായി . സലഫി പ്രസ്ഥാന നേതാവായിരുന്ന കെ.എം മൗലവി അങ്ങനെ മുസ്ലിംലീഗിന്റെയും നേതാവായിത്തീർന്നു. കൊടുങ്ങല്ലൂരിൽ താമസിക്കുന്ന കാലത്തുതന്നെ സീതിസാഹിബുമായി അടുത്ത ബന്ധമുണ്ടായിരുന്ന കെ.എം മൗലവിയാണ് എ.ഐ.സി.സിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെ ലീഗിലെത്തിക്കാൻ കാരണമായതും. ഗുരുവിന്റെ മാർഗത്തിലൂടെ സ്വാഭാവികമായും ഉമർ മൗലവി ലീഗിൻറെ ഭാരവാഹിയും, പ്രഭാഷകനുമായിത്തീർന്നു.

കോഴിക്കോട്ടെ പട്ടാളപ്പള്ളി കമ്മിറ്റിക്കാർ തങ്ങൾക്ക് ഒരു ഖത്തീബിനെ വേണമെന്ന ആവശ്യവുമായി കെ.എം മൗലവിയെ സമീപിച്ചു . അദ്ദേഹം തന്റെ പ്രിയ ശിഷ്യനെ കോഴിക്കോട്ടേക്ക് പറഞ്ഞയച്ചു . അങ്ങനെ ഉമർ മൗലവി പട്ടാളപ്പള്ളിയിൽ ഖത്തീബായി. ഉൽപതിഷ്ണു വിഭാഗക്കാരെല്ലാം പട്ടാളപള്ളിയിലാണ് ജുമുഅക്ക് വന്നിരുന്നത് . കോൺഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഉമർ മൗലവിയുടെ ഖുത്ബ കേൾക്കാനായിരുന്നു സ്ഥിരമായി ഇവിടെ വന്നിരുന്നത് .

1943 ലാണ് തിരൂരങ്ങാടി യത്തീംഖാന സ്ഥാപിക്കപ്പെട്ടത്. അക്കാലത്തുണ്ടായ കോളറമൂലം അനേകം പേർ മരണപ്പെട്ടു . അനാഥരായ മക്കളെ സംരക്ഷിക്കേണ്ടതെങ്ങനെയെന്ന് കെ.എം മൗലവി ആലോചിച്ചു. തിരൂരങ്ങാടി മുസ് ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് കെ.എം മൗലവി, സെക്രട്ടറിയായിരുന്ന ഉമർ മൗലവിയോട് വിവരങ്ങൾ കാണിച്ച് പൊന്നാനി മഊനത്തുൽ ഇസ് ലാം സഭക്കും കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം യത്തീംഖാനയിലേക്കും കത്തെഴുതാനാവശ്യപ്പെട്ടു . അന്ന് ജെ.ഡി.ടിയുടെ സെക്രട്ടറിയായിരുന്ന പഞ്ചാബിയായ മഖ്ബൂൽ അഹ്മദ് സാഹിബിന് അറബിയിലാണെഴുതിയത്. ഇതേത്തുടർന്നുള്ള നീക്കങ്ങളും പ്രവർത്തനങ്ങളുമാണ് കെ.എം മൗലവിയുടെയും എം.കെ ഹാജിയുടെയും നേതൃത്വത്തിൽ തിരൂരങ്ങാടി യത്തീംഖാന സ്ഥാപിക്കാൻ കാരണമായത്.

അതിനിടയിൽ ഉമർ മൗലവി വിവാഹിതനായി. കെ.എം മൗലവിയുടെ ഭാര്യയുടെ ബന്ധത്തിൽ പെട്ട അനാഥയായ മുസ് ലിയാരകത്ത് ഫാത്വിമക്കുട്ടിയാണ് മൗലവിയുടെ ജീവിതസഖിയായത് . 1943 ഡിസംബർ 10ന് മലയാളക്കര കണ്ട ഏറ്റവും പ്രഗത്ഭനായ അറബിക്കവി പി.വി മുഹമ്മദ് മൗലവി ആ വിവാഹത്തോടനുബന്ധിച്ച് മംഗളാശംസ നേർന്നുകൊണ്ട് അത്യന്തം സുന്ദരമായ ഒരു കവിത ചൊല്ലി അവതരിപ്പിക്കുകയുണ്ടായി . തിരൂരങ്ങാടി തറമ്മൽ പള്ളിയിൽ വച്ച് കെ.എം മൗലവി , ജമാലുദ്ദീൻ മൗലവി , ഉബൈദുല്ല മൗലവി , മൊയ്തീൻ കുട്ടി മൗലവി തൃപ്പനച്ചി , മുബല്ലിഗ് മൊയ്തീൻ മൗലവി തുടങ്ങിയവ രടങ്ങിയ പ്രൗഢഗംഭീരമായ സദസിലാണ് ആ അറബിക്കവിത അവതരിപ്പിക്കപ്പെട്ടത് .

1947 ലാണ് മൗലവി തിരൂർക്കാട്ട് താമസമാരംഭിക്കുന്നത്. ഭാര്യയുടെ നാട്ടിൽ. കോഴിക്കോട് പാലക്കാട് റോഡിനരികിൽ പഴയ ഓല മേഞ്ഞ വീടുള്ള സ്ഥലം മൗലവി വാങ്ങി. ഭാര്യയുടെ അമ്മാവന്മാരെയാണ് പിന്നീട് ഓടിട്ട വീടുണ്ടാക്കാൻ വേണ്ട കാര്യങ്ങൾ ഏൽപിച്ചത് .

ഭാര്യയുടെ അടുത്ത ബന്ധുവായ സി.എച്ച് മുഹമ്മദ് കാക്കയുടെ പ്രേരണയാൽ ഖുർആനിലെ ചില സൂറത്തുകളുടെ പരിഭാഷയും വ്യാഖ്യാനവും മൗലവി എഴുതിത്തുടങ്ങി . ആ എഴുത്ത് തുടർന്നു . ഖുർആന്റെ സമ്പൂർണ പരിഭാഷയും വ്യാഖ്യാനവും എഴുതിത്തീർത്തു . കെ.എം മൗലവി, ഇ.കെ മൗലവി, സി.എ മുഹമ്മദ് മൗലവി എന്നിവർ ഇത് പരിശോധിക്കുകയും ആറു വാല്യങ്ങളായി ആ പരിഭാഷ 1953 ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു . അറബി മലയാളത്തിലാണ് ഇത് എഴുതിയിരുന്നത്

കെ.എം.മൗലവിയുടെ നേതൃത്വത്തിൽ കേരള നദ്വത്തുൽ മുജാഹിദീൻ സ്ഥാപിതമായപ്പോൾ ഉമർ മൗലവിയും അതിൽ പങ്കാളിയായി . 1955 ൽ ഉമർ മൗലവി ഹജ്ജിനു പോയി. ഹജ്ജിനുശേഷം റിയാദിൽ ജാമിഅത്തുൽ ഇമാം മുഹമ്മദ് സുഊദ് അൽ ഇസ്ലാമിയ്യയിൽ വിദ്യാർത്ഥിയായി ചേർന്ന് പഠനമാരംഭിച്ചു

കെ.എം മൗലവിയുടെ മകൻ അബ്ദുസ്സമദ് മൗലവി, സഅദുദ്ദീൻ മൗലവി എന്നിവരും അന്നവിടെ സഹപാഠികളായി ഉണ്ടായിരുന്നു . ലോകപ്രശസ്ത പണ്ഡിതനായിരുന്ന ശൈഖ് അബ്ദുൽ അസീസ് അബ്ദുല്ലാഹി ബ്നുബാസുമായുള്ള ബന്ധം തുടങ്ങുന്നത് അവിടെ വെച്ചായിരുന്നു.

പഠനം പൂർത്തിയാക്കി മൗലവി നാട്ടിലേക്ക് മടങ്ങി. കൂട്ടുകാർ രണ്ടുപേരും സൗദി അറേബ്യയിൽ തന്നെ തങ്ങി. തുടർന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രബോധന പ്രവർത്തനങ്ങളുമായി മൗലവി ഓടിനടന്നു . മതപരമായ വൈവിധ്യമാർന്ന വിഷയങ്ങളിൽ ലഘുലേഖകളും നോട്ടീസുകളുമിറക്കുന്നത് മൗലവിയുടെ പതിവായിരുന്നു. ഏതെങ്കിലും ഒരു പ്രദേശത്ത് പ്രഭാഷണം നടത്താൻ പോയാൽ, അവിടെ എന്തെങ്കിലും പ്രശ്നം ചർച്ചയായാൽ, ആ വിഷയത്തിൽ ഒരു നോട്ടീസ് എഴുതിത്തയ്യാറാക്കി ഉടനെ അച്ചടിക്കും .

ഇസ് ലാമിന് രാഷ്ട്രീയ വ്യാഖ്യാനവുമായി മൗലാനാ മൗദൂദി കടന്നുവരികയും ആ ചിന്താധാര ഇന്ത്യയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു . കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയും പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പലുമായിരുന്ന എം.സി.സി അബ്ദുറഹ്മാൻ മൗലവി , കെ.എം മൗലവി തുടങ്ങിയ ആദ്യകാല സലഫി പണ്ഡിതന്മാർ ഈ രാഷ്ട്രീയ വ്യാഖ്യാനത്തെ കൃത്യമായി വിലയിരുത്തുകയും മൗദൂദിയുടെ വ്യാഖ്യാനങ്ങളെ തെളിവുകൾ സഹിതം ഖണ്ഡിക്കുകയും ചെയ്തു . ഉമർ മൗലവി ആ ധാരയിലായിരുന്നു .

1971 ൽ മൗലവി ' സൽസബീൽ ' മാസിക പ്രസിദ്ധീകരണമാരംഭിച്ചു . ത്രൈമാസികയായാണ് തുടങ്ങിയതെങ്കിലും 1972 ൽ മാസികയായി . ഇസ് ലാമിൻറെ തനതായ വിശ്വാസാചാരങ്ങൾ പ്രചരിപ്പക്കാനും ഇസ്ലാമിനെതിരിൽ വരുന്ന ആക്ഷേപങ്ങളെയും വിമർശനങ്ങളെയും എതിർക്കാനും കാര്യങ്ങൾ തെളിവുസഹിതം വസ്തുനിഷ്ഠമായി വിശദീകരിക്കാനുമാണ് 'സൽസബീൽ' തുടങ്ങുന്നതെന്ന് മൗലവി പ്രഥമ ലക്കത്തിൽ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് .

'ആളെ നോക്കാതെ തെളിവ് നോക്കുക' എന്ന് മാസികയുടെ കവർ പേജിൽ സ്ഥിരമായ മുദ്രാവാക്യമായി അച്ചടിച്ചുവച്ചിരുന്നു. പ്രശസ്തിയും സ്വാധീനവും പരിഗണിച്ച് ചിലരുടെ ആശയ വ്യതിയാനങ്ങൾക്ക് നേരെ കണ്ണു ചിമ്മുന്ന സമൂഹത്തിൻറെ സാർവത്രികസ്വഭാവത്തിനു നേരെയുള്ള ഒരു താക്കീതായിരുന്നു മൗലവിയുടെ ഈ സന്ദേശം. ജീവിതാവസാനം വരെ ഇതിനായി മൗലവി നിലകൊണ്ടു. പ്രീണനങ്ങൾക്കോ പ്രലോഭനങ്ങൾക്കോ ഭീഷണികൾക്കോ വഴങ്ങാതെ , 1999 അവസാനം വരെ സൽസബീൽ പ്രസിദ്ധീകരണം തുടർന്നു.

മുസ് ലിംകൾ കൊണ്ടു നടക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അവർക്ക് നേതൃത്വം കൊടുക്കുന്ന പണ്ധിതപുരോഹിതന്മാരെയും സൽസബീൽ ശക്തമായി വിമർശിച്ചു. മതരാഷ്ട്രവാദക്കാരെയും തൗഹീദിന് പുതിയ അർഥകൽപന കൊണ്ടുവന്ന മൗദൂദിയുടെ പിഴച്ച വ്യാഖ്യാനങ്ങളെയും സൽസബീൽ തുറന്നെതിർത്തു. ജമാഅത്തെ ഇസ് ലാമിയുടെ ആദ്യകാല പുസ്തകങ്ങളിൽ പ്രതിപാദിച്ചിരുന്ന ഇ ​സ് ലാമികഭരണമില്ലെങ്കിൽ ദീൻ ശരിയാവില്ല, അനിസ് ലാമിക ​ഗവൺമെന്റിന്റെ നിയമങ്ങൾ അനുസരിക്കാൻ പാടില്ല. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പറ്റില്ല. തുടങ്ങിയ ഒട്ടനവധി വാദങ്ങളുടെ നിരർഥകതയും അപ്രായോ​ഗികതയും സൽസബീൽ ചൂണ്ടിക്കാണിച്ചു. സി.എൻ. അഹ് മദ് മൗലവിയുടെ മുഅ് ജിസത്ത് (അമാനുഷികസംഭവങ്ങൾ) നിഷേധങ്ങളെയും ജിന്നിനെപ്പറ്റിയുള്ള പുത്തൻ വ്യാഖ്യാനങ്ങളെയും സൽസബീൽ വെറുതെ വിട്ടില്ല. ചേകന്നൂരിന്റെ ഹദീഥ് നിഷേധവും ഖാദിയാനികളുടെ പുത്തൻ പ്രവാചകത്വവാദവും വിമർശിക്കപ്പെട്ടു. ചുരുക്കത്തിൽ യഥാർഥ ഇസ് ലാമിന് വിരുദ്ധമായ വാദങ്ങളെയെല്ലാം സൽസബീൽ പൊളിച്ചടുക്കിയെന്ന് പറയാം. സലഫി ആദർശ പ്രചാരണരം​ഗത്ത് സൽസബീൽ ഒരു വിപ്ലവം സൃഷ്ടിക്കുക തന്നെ ചെയ്തു. മൂന്നു പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഒരു കാലഘട്ടം. ആശയ വിരോധികളോടുള്ള സൽസബീലിൻറെ സമീപനം പുതുമയുള്ളതായിരുന്നു എന്ന് പറയാതെ വയ്യ . 

ആദർശവിരോധികളുടെ രചനകൾക്കായി സൽസബീലിൻറെ പേജുകൾ അനുവദിച്ചു . തങ്ങളുടെ വാദങ്ങൾ നിരത്തി ലേഖനമെഴുതിയാൽ സൽസബീൽ അത് മാറ്റത്തിരുത്തലുകളില്ലാതെ പ്രസിദ്ധീകരിക്കുമെന്നും വാദങ്ങൾക്കുള്ള ഖണ്ഡനവും മറുപടിയും കൂടെയുണ്ടാകുമെന്നും പത്രാധിപർ വ്യക്തമാക്കി. വളരെ കുറച്ചുപേരേ ആ ക്ഷണം സ്വീകരിച്ചുള്ളൂ . അതിൽ പ്രമുഖരായിരുന്നു അന്നത്തെ നിരീശ്വരവാദത്തിൻറെ പ്രധാന വക്താക്കളായിരുന്ന എം.സി ജോസഫും പി.സി കടലുണ്ടിയും . ഇവരുടെ വാദങ്ങൾക്ക് വസ്തുനിഷ്ഠവും കാര്യമാത്രപ്രസക്തവുമായ നിലയിൽ മറുപടിയെഴുതിയത് പ്രശസ്തനായ ഡോ . എം .ഉസ്മാൻ സാഹിബായിരുന്നു . ഭിഷഗ്വരനായ ഡോ. ഉസ്മാൻ സാഹിബ് (നിലമ്പൂർ) മൗലവിയുടെ ഉറ്റമിത്രമായിരുന്നു . കമ്മ്യൂണിസം , നിരീശ്വരവാദം , കലകൾ ഇവയുടെ അങ്ങേക്കരയിൽ പോയി തിരിച്ചുവന്ന് സലഫി പ്രസ്ഥാനത്തിൻറെ അമരക്കാരനായി മാറിയ അസാധാരണ പ്രതിഭാശാലിയായിരുന്നു ഡോക്ടർ.

സൽസബീലിൻറെ ഒന്നാം ലക്കം മുതൽ അദ്ദേഹത്തിൻറെ അമൂല്യ രചനകൾ പുറത്തുവന്നു . പല ലേഖന പരമ്പരകളും പിൽക്കാലത്ത് പുസ്തകങ്ങളായി . ഗൈബ് , മുഖ്യശത്രു , മതവും യുക്തിവാദവും ഒരു സംവാദം എന്നിവ അവയിൽ ചിലതു മാത്രം . യുക്തിവാദികളുമായി ഡോക്ടർ സൽസബീലി'ൽ നടത്തിയ സംവാദം കേരളക്കരയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു . ആ ഖണ്ഡനമണ്ഡന ലേഖനങ്ങളാണ് പിന്നീട് 'മതവും യുക്തിവാദവും ഒരു സംവാദം'എന്ന പേരിൽ പുസ്തകമാക്കി പ്രസിദ്ധീകരിച്ചത് . 2019 ൽ വിസ്ഡം ബുക്സ് അതിൻറെ ആറാം പതിപ്പ് പ്രസിദ്ധീകരിച്ചു. 1971ൽ കൊച്ചി മട്ടാഞ്ചേരി പുതിയ പള്ളിയിൽ ഖത്തീബും ഇമാമുമായി. തിരൂർക്കാട്ടുനിന്ന് കൊച്ചിയിലെത്തിയ മൗലവിയുടെ പ്രവർത്തനകേന്ദ്രം മട്ടാഞ്ചേരിയായി . സൽസബീൽ അവിടെനിന്ന് പ്രസിദ്ധീകരിച്ചു. ഊർജസ്വലരായ പ്രബോധന പ്രവർത്തകരുടെ ഒരു കൂട്ടായ്മ മൗലവിക്ക് വലിയ തുണയായി .

കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ പ്രബോധന പ്രവർത്തനങ്ങൾ സജീവമായി. അത് സാവകാശം പള്ളുരുത്തി , അരൂക്കുറ്റി , വടുതല , ആലപ്പുഴ തുടങ്ങിയ തെക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങി. മക്കയിലെ ദാറുൽ ഇഫ്താഇൻറെ ക്ഷണം സ്വീകരിച്ച് ഹജ്ജിന് പോവുകയും ഹജ്ജ് വേളയിൽ മസ്ജിദുൽ ഹറമിലും മറ്റും മലയാളി ഹാജിമാർക്കായി ക്ലാസെടുക്കുകയും ചെയ്തു മൗലവി , കുറേ വർഷങ്ങൾ. തുടർച്ചയായി അദ്ദേഹം അങ്ങനെ മക്കയിൽ പോയി .

ഈ ഘട്ടങ്ങളിലെല്ലാം ശൈഖ് ഇബ്നു ബാസുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു . വിവിധ രാജ്യങ്ങളിൽനിന്ന് വരുന്ന പണ്ഡിതന്മാരുമായി ബന്ധം സ്ഥാപിക്കാൻ ഈ യാത്രകൾ ഉപകരിച്ചുവെന്ന് പറയാം .

അറബിമലയാള ഖുർആൻ പരിഭാഷയുടെ വ്യാഖ്യാ നമൊഴിവാക്കി മലയാളത്തിൽ ഒറ്റ വാല്യത്തിൽ മലയാള പരിഭാഷാ ഗ്രന്ഥം 1971 ൽ തിരൂരങ്ങാടിയിൽ സി.എച്ച് മുഹ മ്മദ് ആൻഡ് സൺസ് പ്രസുകാർ പ്രസിദ്ധീകരിച്ചിരുന്നു . 1994 ൽ ഖുർആന് അറബി മലയാള വ്യാഖ്യാനം മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി ആലോചനയുണ്ടായി . അങ്ങനെ ഇതിൻറെ രചന മൗലവി മലയാളത്തിൽ ആരംഭിച്ചു . 1999 അവസാനത്തോടെ അതിൻറെ ജോലി ഏറക്കുറെ പൂർത്തിയായി സൂക്തങ്ങൾ ഭാഗങ്ങളാക്കി അർത്ഥം പറഞ്ഞ് അത്യാവശ്യ വ്യാഖ്യാനത്തോടെയാണ് അത് എഴുതിത്തയാറാക്കിയത് . മൂന്ന് വാല്യങ്ങളുള്ള ഈ രചനക്ക് തർജുമാനുൽ ഖുർആൻ എന്നാണ് പേരു നൽകിയത്.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയുടെ ലോകപ്രശസ്ത ഗ്രന്ഥം ' അൽ അഖീദത്തുൽ വാസിത്വിയ്യ ' റിയാദിൽ പഠിക്കുന്ന കാലത്ത് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്നു . അത് ഈയിടെ മലയാളത്തിൽ പുനഃപ്രസിദ്ധീകരിച്ചു . ഹജ്ജിനെപ്പറ്റി ' ഹജ്ജിന്റെ വിളക്ക് ' എന്ന പോക്കറ്റ് പുസ്തകം എത്രയോ തവണ പുനഃപ്രസിദ്ധീകരിച്ചു.

ഫാത്തിഹയുടെ വ്യാഖ്യാനമായ 'ഫാത്തിഹയുടെ തീരത്ത് ' എന്ന പുസ്തകവും പല തവണ പ്രസാധനം ചെയ്യപ്പെട്ടു . 2000 ഫെബ്രുവരി 24 ന് 84 ാം വയസിൽ മൗലവി ഇ ലോകവാസം വെടിഞ്ഞു . 2008 ൽ മൗലവിയുടെ ഭാര്യ ഫാത്തിമക്കുട്ടിയും മരണമടഞ്ഞു . ഹബീബ , ആമിന , ബഷീർ , ഡോ .സാലിം , അബ്ദുല്ല , മുബാറക് , ജൗഹർ , ഹബീബ് എന്നിവരാണ് മക്കൾ . ഹബീബയും ആമിനയും ബഷീറും മുബാറകും അധ്യാപകരായിരുന്നു. ഹബീബ് എഞ്ചിനീയറും .

'ഓർമകളുടെ തീരത്ത്' എന്ന പേരിൽ 2002 ൽ മൗലവിയുടെ ആത്മകഥ പുറത്തുവന്നു . ഇപ്പോൾ എറണാകുളം ദഅവ ബുക്സാണ് കൃതി പ്രസിദ്ധീകരിക്കുന്നത് .