എന്റെ യാത്രാനുഭവങ്ങളിലെ ചില നുറുങ്ങുകൾ മാത്രമാണിത്.
21 വയസ്സ് . അക്ഷരാർഥത്തിൽ ഞാൻ ഒരു പലായനം നടത്തി .
അവിടെ നിന്നാകട്ടെ എന്റെ യാത്രയുടെ കഥകൾ. വേണ്ടപ്പെട്ടവരെയെല്ലാം വിട്ടുകൊണ്ട് അസഹ്യമായ ദുഃഖഭാരം പേറിയ ഒരു യാത്ര. ഭയാനകമായിരുന്നു അത് . പാതിരാവ് കഴിഞ്ഞ നേരം , കൂരിരുട്ട്. വിദ്യുച്ഛക്തിയില്ലാത്ത കാലം . കാളവണ്ടി മാത്രം ഉരുളുന്ന നാട്ടുപാത . ഇരുവശത്തും പേടിപ്പിക്കുന്ന പൊന്തക്കാടുകൾ .
ഭയപ്പെട്ട് വിറച്ചും കരഞ്ഞും റബ്ബിനോട് പ്രാർഥിച്ചു ഞാൻ നടന്നു. അഥവാ ഓട്ടമായിരുന്നുവോ? നല്ല നിശ്ചയമില്ല. ആ സമയത്തുള്ള എന്റെ മനോവികാരം തൂലികയിൽ വരച്ചുകാട്ടാൻ കഴിയുന്നതല്ല . ലോകത്തോടു തന്നെ എന്തെന്നില്ലാത്ത വെറുപ്പ് . എന്തിനു ജീവിക്കണം എന്നുപോലും തോന്നിപ്പോയി. ആത്മഹത്യ മഹാപാപം തന്നെ. അത്തരം കുറ്റമേൽക്കാൻ കാരണമാകാത്ത വിധം ഒന്ന് തീർന്നു കിട്ടിയെങ്കിൽ ..!
പ്രവാചകന്മാരും അനുയായികളും പലവിധമായ പലായനങ്ങൾക്കും ങ്ങൾക്കും പീഡനങ്ങൾക്കും ഇരയായിട്ടുണ്ട്. ചരിത്രത്തിന്റെ ആവർത്തനങ്ങൾ. ദയനീയ ആ വേദനകൾ തികട്ടി വരുമ്പോൾ എന്റെ അവസ്ഥ എത്രയോ നിസ്സാരം. ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു.
പക്ഷെ , രക്ഷപ്പെടണം . അവിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അവ ഉയർത്തിയ ക്രൂരതകളുടെയും ഇരുട്ടുകളിൽ നിന്നും
മോചനം വേണം . അപ്പോൾ ഈ നടപ്പാതകളെ കറുപ്പിക്കുന്ന കൂരിരുൾ എത്ര നിസ്സാരം!
ആറു മൈൽ ദൈർഘ്യമുള്ള ആ നടത്തം അഥവാ ഓട്ടമോ? ഞാൻ മോചനം നേടി . റബ്ബിന് സ്തുതി! തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്തുള്ള പുലിപ്പാറ പള്ളിയിൽ നിന്നിറങ്ങി കല്ലറ വഴി വാമനപുരത്ത് വന്നു . അവിടെ എം.സി. റോഡ് ഒരു പ്രധാന കവലയാണ് . സുബ്ഹിന്റെ നേരത്ത് അവിടെയെത്തി . ബസ്സിൽ കയറി സ്ഥലംവിട്ടു .